Monday, April 13, 2015

'പിണക്കം '


ഓരോ പിണക്കങ്ങളും 

മഴ പെയ്തു തോർന്ന 

മരങ്ങൾ പോലെയാണ് .

ഒന്ന് തൊട്ടാൽ പെയ്തുതീരാൻ -


വെമ്പി നിൽക്കുന്ന സങ്കടതുള്ളികളും പേറി, 


സ്വയം വിങ്ങിനിൽക്കും .


ആരാദ്യം തോടും എന്നതും കാത്ത് 


മൌനത്തിൽ ആണ്ടിരിക്കും 

Tuesday, February 24, 2015

ചമയം

ചില ചമയങ്ങൾ അങ്ങനെയാണ് 
വെറും ചമയങ്ങൾ മാത്രമായി പോകും .
ചേര്ച്ച ഇല്ലെന്നു തിരിച്ചറിയുമ്പോഴെയ്ക്കും 
അടർത്തുവാൻ കഴിയാത്ത വണ്ണം ഒട്ടിപോയിരിക്കും ,
ഉള്ളിലെ, ഉടലിനും ജീവനും പിന്നെ -
കനവുകളില്ല മുഖവുമില്ല , .
ചമയങ്ങൾ ഊറ്റി കളഞ്ഞൊരു കനവുമയ് തുടരുക ജീവനെ,
ചമയങ്ങളായ് തന്നെ നിങ്ങൾ
വെറും ചമയങ്ങൾ മാത്രമായ്‌ നിങ്ങൾ ..

പട്ടം

പട്ടമുണ്ടാക്കിത്തരാൻ വാശിപിടിച്ച കുഞ്ഞേ
നിനക്കു പട്ടമുണ്ടാക്കിതന്നതു ഞാനല്ലേ..
പട്ടം പറത്താൻ വാശിപിടിച്ച കുഞ്ഞേ 
നിനക്കു പട്ടം പറത്താൻ പഠിപ്പിച്ചതും ഞാനല്ലേ..
പട്ടത്തോടൊപ്പം പറക്കണം എന്നായി നിന്റെ വാശി പിന്നേ..
ശരി, പട്ടത്തോടൊപ്പം പറക്കട്ടേ -
എന്റെ പൂത്തുമ്പി പറന്നുമദിക്കട്ടേ,
ചരടറ്റം എന്റെ കയ്യിലുണ്ടല്ലോ എന്നാശ്വസിച്ചു ഞാൻ .
ഇന്ന് ആ ചരടിന്റെ ഭാരത്താൽ പറക്കുവാൻ വയ്യെന്ന് -
പിണങ്ങി ചിണുങ്ങുന്ന നിന്നോട് ഞാനിനി എന്തുപറയേണ്ടൂ..

പെങ്ങൾ

കാരണവൻമാർ പറഞ്ഞ്കേട്ടിട്ടുണ്ട് 
കുടുമ്പ വഴക്കിന്നൊടുവിൽ 
ഭാഗം വാങ്ങി പിരിഞ്ഞു പോയൊരു ചേച്ചിയെ പറ്റി.
പക മൂത്ത്, വെറുപ്പിൻ്റെ തീക്കൂട്ടി 
ഒരുപാട് ജീവനുകൾ ബലി കൊടുത്തിട്ടിണ്ട് 
നമ്മളന്നുമിന്നും.
മലാലാ നീ പറഞ്ഞതാണ് ശരി ,
ഒരുമിച്ചു പോകണം ഇനി നമ്മൾ
മറക്കണം പൊറുക്കണം
പഴകി ദ്രവിച്ചൊരാ പകയും വെറുപ്പും.
മലാലാ നീ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ
ഇനി നമുക്ക് ഒരുമിച്ച് പോരാടാം.
കുടുമ്പ വഴക്ക് പഴങ്കതയാവട്ടേ...

മുള്ള്

മുള്ളിനോട് പരിഭവിച്ചൊരു പൂവ് പറഞ്ഞു 

''നീയാണ് എന്നെ വിരൂപയാക്കുന്നത് ''

കൂടെയുള്ള പൂക്കളത് ഏറ്റു പറഞ്ഞു 

''അതെ, നീയാണ് ഞങ്ങളെ വിരൂപകളാക്കിയത്''

പൂവിനുവേണ്ടി സ്വയം വിരൂപനായ മുള്ള് 

ആരോടും ഒന്നും പറഞ്ഞില്ല ..

Friday, June 13, 2014

(രണ്ട് വരി കവിത)


രക്തസാക്ഷി പ്രവാസിയോട് പറഞ്ഞു

''ഞാൻ തീപ്പെട്ടികൊള്ളിയാണെങ്കിൽ

നീ മെഴുകുതിരിയാണ്.''

Friday, September 2, 2011

യാത്ര

യാത്രകള്‍ മനസ്സിനെ
ശൂന്യമാക്കും ..
കറ പുരണ്ട ഓര്‍മ്മകളെ
അത് കഴുകികളയുന്നു .
മിന്നിമറയുന്ന പുതു -
കാഴ്ചകള്‍
ഇനിയും ജനിച്ചിട്ടില്ലാത്ത
ഓര്‍മ്മകള്‍ക്കായ്‌-
കളമൊരുക്കി കാത്തിരിക്കുന്നു ..