Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, August 22, 2015

നീല ശരികൾ

പണ്ടവർ ഒരു ഇന്ലെന്റിനു 

മറുപടി കാത്ത് അക്ഷമരായ് 

ദിവസങ്ങൾ തള്ളി നീക്കി ,

പിന്നീടവർ ഒരു ഡെലിവറി റിപ്പോര്ട്ടിനായ്‌

അക്ഷമരായ് മണിക്കൂറുകൾ 

ചവിട്ടിത്തെറിപ്പിച്ചു . 

ഇന്നവർ രണ്ടു നീല ശരികൾക്കായ്‌ -

നിമിഷാർധങ്ങളെ പ്രാകുന്നു .

Monday, April 13, 2015

'പിണക്കം '


ഓരോ പിണക്കങ്ങളും 

മഴ പെയ്തു തോർന്ന 

മരങ്ങൾ പോലെയാണ് .

ഒന്ന് തൊട്ടാൽ പെയ്തുതീരാൻ -


വെമ്പി നിൽക്കുന്ന സങ്കടതുള്ളികളും പേറി, 


സ്വയം വിങ്ങിനിൽക്കും .


ആരാദ്യം തോടും എന്നതും കാത്ത് 


മൌനത്തിൽ ആണ്ടിരിക്കും 

Tuesday, February 24, 2015

ചമയം

ചില ചമയങ്ങൾ അങ്ങനെയാണ് 
വെറും ചമയങ്ങൾ മാത്രമായി പോകും .
ചേര്ച്ച ഇല്ലെന്നു തിരിച്ചറിയുമ്പോഴെയ്ക്കും 
അടർത്തുവാൻ കഴിയാത്ത വണ്ണം ഒട്ടിപോയിരിക്കും ,
ഉള്ളിലെ, ഉടലിനും ജീവനും പിന്നെ -
കനവുകളില്ല മുഖവുമില്ല , .
ചമയങ്ങൾ ഊറ്റി കളഞ്ഞൊരു കനവുമയ് തുടരുക ജീവനെ,
ചമയങ്ങളായ് തന്നെ നിങ്ങൾ
വെറും ചമയങ്ങൾ മാത്രമായ്‌ നിങ്ങൾ ..

പട്ടം

പട്ടമുണ്ടാക്കിത്തരാൻ വാശിപിടിച്ച കുഞ്ഞേ
നിനക്കു പട്ടമുണ്ടാക്കിതന്നതു ഞാനല്ലേ..
പട്ടം പറത്താൻ വാശിപിടിച്ച കുഞ്ഞേ 
നിനക്കു പട്ടം പറത്താൻ പഠിപ്പിച്ചതും ഞാനല്ലേ..
പട്ടത്തോടൊപ്പം പറക്കണം എന്നായി നിന്റെ വാശി പിന്നേ..
ശരി, പട്ടത്തോടൊപ്പം പറക്കട്ടേ -
എന്റെ പൂത്തുമ്പി പറന്നുമദിക്കട്ടേ,
ചരടറ്റം എന്റെ കയ്യിലുണ്ടല്ലോ എന്നാശ്വസിച്ചു ഞാൻ .
ഇന്ന് ആ ചരടിന്റെ ഭാരത്താൽ പറക്കുവാൻ വയ്യെന്ന് -
പിണങ്ങി ചിണുങ്ങുന്ന നിന്നോട് ഞാനിനി എന്തുപറയേണ്ടൂ..

Friday, September 2, 2011

യാത്ര

യാത്രകള്‍ മനസ്സിനെ
ശൂന്യമാക്കും ..
കറ പുരണ്ട ഓര്‍മ്മകളെ
അത് കഴുകികളയുന്നു .
മിന്നിമറയുന്ന പുതു -
കാഴ്ചകള്‍
ഇനിയും ജനിച്ചിട്ടില്ലാത്ത
ഓര്‍മ്മകള്‍ക്കായ്‌-
കളമൊരുക്കി കാത്തിരിക്കുന്നു ..

Thursday, July 21, 2011

'' പെയ്തൊഴിയുമ്പോള്‍''

(1)
മഴ
മേഘത്തോട് കലഹിച്ച്
പെയ്തോഴിഞ്ഞതാണ് ,
അകന്നു പോകുമ്പോള്‍
മഴയ്ക്ക്‌ അറിയില്ലായിരുന്നു
മേഘം സ്വയം-
ഇല്ലാതാകുന്നത് ..
ഇനിയൊരു തിരിച്ചുപോക്ക്
അസാധ്യമാണെന്നതും ..

-------------------------------------------------------------------
(2)
മഴ ചിലപ്പോള്‍
ഭീകരമായിരിക്കും,
മറ്റു ചിലപ്പോള്‍
ബാധ്യതയും ,
എന്നാലും പെയ്തൊഴിഞ്ഞ
ഈ ശാന്തത ,
അതിലേറെ
ഭീകരമായി തോനുന്നു .
കാര്‍മേഘങ്ങള്‍ നെഞ്ചിലൊരു
വിങ്ങലായ്
അടക്കിപിടിച്ച മഴ
വന്യമായ് പെയ്തു തീരുമ്പോള്‍
മേഘങ്ങള്‍ക്ക്
നിര്‍വൃതിയുണ്ടാകുമോ ?
അതോ നഷ്ട ബോധമോ ?
അല്ലെങ്കില്‍
സ്വയം ഇല്ലാതായത്തിന്റെ
ശൂന്യതയോ ...?

Monday, July 18, 2011

കവിത

എന്റെയുള്ളില്‍ നിനക്കിന്നു
എത്രയാണ് പ്രായം..?
ഒരു കുന്നോളം മൌനം ,
...അല്ലെങ്കില്‍ ഒരു നിമിഷത്തെ -
ഒറ്റപെടല്‍ .
അത് മതിയായിരുന്നു
നിനക്ക് പിറക്കാന്‍ .
എന്നിട്ടും ഓരോ മൌനത്തിലും
നിന്നെ ഞാന്‍ തലോടി ,
ഓരോ ഒറ്റപെടലിലും
നീ വളര്‍ന്നു ..
ഒരാഴ്ചയുടെ നോവ്‌ പോലും
താങ്ങാനാവാതെ
പിറന്നുപോയ
നിന്റെ സോദരരെ പോലെ
ഇരുളിലടഞ്ഞു പോവരുത് നീയും ..
അവരെ നീ തുറന്നു വിടുക ..
ഈ വിശാല ലോകത്തില്‍
അനേകം സര്‍ഗാത്മക -
ഹൃദയങ്ങളിലൂടെ
അവരെയും കൂട്ടി നീ -
പറക്കുക .
ഇനി വരും മൌനത്തില്‍
നിനക്കൊരു അനിയത്തിയെ കൂടി തരാം ..

Tuesday, March 15, 2011

എന്റെ സ്വര്‍ഗം

വരൂ നമുക്കാ -
പുളിമര ചുവട്ടിലേയ്ക്കു പോകാം .
നനുത്ത പച്ച
പുല്ലുവിരിച്ച
നട വരമ്പില്‍ചെന്നിരിക്കാം ..
കയ്യിലെ ലഹരി
നുരയുന്ന പാത്രം ,
സിരയില്‍ പകര്‍ന്നു
വറ്റിചീടുക..
ചുറ്റിലും കണ്ടല്‍ക്കാടുകള്‍-
ക്കിടയിലെ, വന്ന്യത
കണ്ടാസ്വതിചീടുക ..
വെയില്‍ മങ്ങി
ചുവന്ന മേഖങ്ങളെ
പുക ചുരുളുകളൂതി
മറയ്ക്കണം .
ചില്ലകള്‍ക്കിടയില്‍
കലപില കൂട്ടുന്ന
കിളികളെ നോക്കി
ഉച്ചത്തില്‍ പാടുക ,
ഇതാണെന്റെ ലോകം .
ഇതാണെന്റെ സ്വര്‍ഗ്ഗവും .

Saturday, January 15, 2011

തിരിച്ചറിവ്

എന്റെ ശിരസ്സില്‍,
അദൃശ്യമാമേതോ മഷിയാല്‍
എന്തൊക്കെയോ നീ
കുത്തി വരഞ്ഞിട്ടു ..
പിറന്നു വീണ സമയം
ഗണിച്ചു "നിന്റെ -
പരിഭാഷകന്‍" ,
അത് കടലാസില്‍
പകര്‍ത്തി തന്നു ..
എന്റെ കര്‍മ്മങ്ങളെല്ലാം
മുന്‍പേ വിധിച്ച
സര്‍വജ്ഞ്ജനാം നിന്റെ
നൈതിക ബോധം
നശിച്ചു പോയോ ?

അല്ലെങ്കിലെന്തിനിപ്പോള്‍
എന്നെ പഴിക്കുന്നു ?
പാപവും പുണ്യവും
മുന്‍പേ രചിച്ച നീ,
ആടിതിമിര്‍ത്ത വെറും
കളിപ്പാവയാമെന്നെ
ശിക്ഷിപ്പിതേതു -
നൈതിക ശാസ്ത്രത്താല്‍..?
ഇവ്വിധം നീച്ചമാം
കിരാത വ്യവസ്ഥയോ ,
ദൈവികമെന്ന് നാം
വാഴ്ത്തുന്നതൊക്കെയും .!!
സ്വേച്ചനാം നീയിനി
ഞെളിയേണ്ട ഒരിക്കലും ,
വാഴ്ത്തുകയില്ല ഞാന്‍
പ്രാര്‍ത്ഥനയാലിനി,
കൈകൂലി പോലും
തരികയില്ലായിനി -
നേര്‍ച്ചകള്‍ തന്‍ രൂപത്തില്‍ പോലും ..

Friday, December 10, 2010

കാഞ്ഞിരം

എന്നിലെ , നീ തന്നെ നട്ട
കാഞ്ഞിരം വേരറ്റു വീഴാന്‍ ,
ഒരു തുണ്ട് കരിമ്പിനില മതി ..
എന്തിനോ പിന്നെയും അതിനു നീ -
വെള്ളവും വളവുമേകുന്നു..
മറക്കണ്ട, ഒരുനാള്‍ അസ്ഥിയില്‍ -
ആഴ്ന്നിറങ്ങുമത്
നീല ഞരമ്പുകള്‍ പോല്‍ ..

Thursday, October 7, 2010

..ആമിയ്ക്ക്

പ്രണയിച്ചു പൂക്കളെ , മരങ്ങളെ, ചെടികളെ..
പ്രണയിച്ചു നിറങ്ങളെ , പക്ഷിയെ എന്നുവേണ്ട-
പ്രണയിച്ചു പക്ഷി തൂവലുകളെ പോലും .
പ്രണയിച്ചു പ്രണയത്തെ പ്രണയത്തിന്‍ കാമുകി
പ്രണച്ചഗാധമായ് മരണത്തെ പോലും .
പ്രണക്കപെടുകയില്ലോരിക്കലും എന്നറിഞ്ഞിട്ടും,
കലഹിച്ചു, പ്രണയത്തിനായ്‌
വിരഹതിന്നോടുവിലും-
വേഷം മാറിയും കലഹിച്ചുനോക്കി .
ഒടുവിലാ പ്രണയം തിരിച്ചറിഞ്ഞു
പ്രണയിക്കപെട്ടവള്‍ അഗാധമായ്-
പ്രണയിച്ച കാമുകനാല്‍ .
പ്രണയത്തിന്‍ ലോകത്ത്
കൈകള്‍ കോര്‍ത്തവര്‍ നടന്നകന്നു.
ഇന്നുമീ ഭൂമിയില്‍ ശേഷിപ്പിതോന്നു -
നീ വെടിഞ്ഞുപോയ നിന്റെ
പ്രണയം മാത്രം ...
ഋതുക്കള്‍ അത് മഴത്തുള്ളികളില്‍ ചാലിച്ചു,
പക്ഷി തൂവലുകളെ അത് നനച്ചു ,
ആ മഴത്തുള്ളികള്‍ തലയില്‍ ചൂടി ,
ഒരിക്കലും മരിക്കാത്ത
നിന്റെ ഓര്‍മകളുമായ് -
നീര്‍മാതളങ്ങള്‍ പൂത്തു തളിര്‍ത്തു നിന്നു...
----ലാല്‍

Wednesday, October 6, 2010

നിറമില്ലാത്ത മഴവില്ല്

ഞാന്‍ കാണുന്നുണ്ട് ,
ആകാശത്തിന്റെ വിശാലതയില്‍
പ്രകാശം അതിന്റെ
വര്‍ണ്ണ വിസ്മയതാല്‍
മഴത്തുള്ളികളെ കൂട്ട് പിടിച്ചു
പ്രപഞ്ചത്തെ
അലങ്കരിക്കുന്നു
ആ നിറങ്ങള്‍ഏഴും
പീലികളില്‍ ആവാഹിച്ചു ,
മയിലുകള്‍ നൃത്തം വയ്ക്കുന്നു ...
വൃക്ഷങ്ങള്‍ തളിരിലകളെ
മഴതുള്ളികലാല്‍ കുളിപ്പിക്കുന്നു ..
ഒരു പാത്രത്തില്‍
കുറച്ചു മഴ വെള്ളം
എനിക്കുവേണ്ടി
മാറ്റി വച്ചിട്ടുണ്ട് .
അത് ഞാന്‍ എന്റെ
തലയിലൂടെ ഒഴിച്ചു,
എന്റെ ചുറ്റിലും
ഇരുണ്ട ചുവരുകള്‍ .
അതില്‍ നിറമില്ലാത്ത
ചോക്കുകൊണ്ട്‌ ഞാന്‍
മഴവില്ല് വരയ്കാന്‍ ശ്രമിച്ചു ....