Friday, September 2, 2011

യാത്ര

യാത്രകള്‍ മനസ്സിനെ
ശൂന്യമാക്കും ..
കറ പുരണ്ട ഓര്‍മ്മകളെ
അത് കഴുകികളയുന്നു .
മിന്നിമറയുന്ന പുതു -
കാഴ്ചകള്‍
ഇനിയും ജനിച്ചിട്ടില്ലാത്ത
ഓര്‍മ്മകള്‍ക്കായ്‌-
കളമൊരുക്കി കാത്തിരിക്കുന്നു ..

Thursday, July 21, 2011

'' പെയ്തൊഴിയുമ്പോള്‍''

(1)
മഴ
മേഘത്തോട് കലഹിച്ച്
പെയ്തോഴിഞ്ഞതാണ് ,
അകന്നു പോകുമ്പോള്‍
മഴയ്ക്ക്‌ അറിയില്ലായിരുന്നു
മേഘം സ്വയം-
ഇല്ലാതാകുന്നത് ..
ഇനിയൊരു തിരിച്ചുപോക്ക്
അസാധ്യമാണെന്നതും ..

-------------------------------------------------------------------
(2)
മഴ ചിലപ്പോള്‍
ഭീകരമായിരിക്കും,
മറ്റു ചിലപ്പോള്‍
ബാധ്യതയും ,
എന്നാലും പെയ്തൊഴിഞ്ഞ
ഈ ശാന്തത ,
അതിലേറെ
ഭീകരമായി തോനുന്നു .
കാര്‍മേഘങ്ങള്‍ നെഞ്ചിലൊരു
വിങ്ങലായ്
അടക്കിപിടിച്ച മഴ
വന്യമായ് പെയ്തു തീരുമ്പോള്‍
മേഘങ്ങള്‍ക്ക്
നിര്‍വൃതിയുണ്ടാകുമോ ?
അതോ നഷ്ട ബോധമോ ?
അല്ലെങ്കില്‍
സ്വയം ഇല്ലാതായത്തിന്റെ
ശൂന്യതയോ ...?

Monday, July 18, 2011

കവിത

എന്റെയുള്ളില്‍ നിനക്കിന്നു
എത്രയാണ് പ്രായം..?
ഒരു കുന്നോളം മൌനം ,
...അല്ലെങ്കില്‍ ഒരു നിമിഷത്തെ -
ഒറ്റപെടല്‍ .
അത് മതിയായിരുന്നു
നിനക്ക് പിറക്കാന്‍ .
എന്നിട്ടും ഓരോ മൌനത്തിലും
നിന്നെ ഞാന്‍ തലോടി ,
ഓരോ ഒറ്റപെടലിലും
നീ വളര്‍ന്നു ..
ഒരാഴ്ചയുടെ നോവ്‌ പോലും
താങ്ങാനാവാതെ
പിറന്നുപോയ
നിന്റെ സോദരരെ പോലെ
ഇരുളിലടഞ്ഞു പോവരുത് നീയും ..
അവരെ നീ തുറന്നു വിടുക ..
ഈ വിശാല ലോകത്തില്‍
അനേകം സര്‍ഗാത്മക -
ഹൃദയങ്ങളിലൂടെ
അവരെയും കൂട്ടി നീ -
പറക്കുക .
ഇനി വരും മൌനത്തില്‍
നിനക്കൊരു അനിയത്തിയെ കൂടി തരാം ..

Tuesday, March 15, 2011

എന്റെ സ്വര്‍ഗം

വരൂ നമുക്കാ -
പുളിമര ചുവട്ടിലേയ്ക്കു പോകാം .
നനുത്ത പച്ച
പുല്ലുവിരിച്ച
നട വരമ്പില്‍ചെന്നിരിക്കാം ..
കയ്യിലെ ലഹരി
നുരയുന്ന പാത്രം ,
സിരയില്‍ പകര്‍ന്നു
വറ്റിചീടുക..
ചുറ്റിലും കണ്ടല്‍ക്കാടുകള്‍-
ക്കിടയിലെ, വന്ന്യത
കണ്ടാസ്വതിചീടുക ..
വെയില്‍ മങ്ങി
ചുവന്ന മേഖങ്ങളെ
പുക ചുരുളുകളൂതി
മറയ്ക്കണം .
ചില്ലകള്‍ക്കിടയില്‍
കലപില കൂട്ടുന്ന
കിളികളെ നോക്കി
ഉച്ചത്തില്‍ പാടുക ,
ഇതാണെന്റെ ലോകം .
ഇതാണെന്റെ സ്വര്‍ഗ്ഗവും .

Saturday, January 15, 2011

തിരിച്ചറിവ്

എന്റെ ശിരസ്സില്‍,
അദൃശ്യമാമേതോ മഷിയാല്‍
എന്തൊക്കെയോ നീ
കുത്തി വരഞ്ഞിട്ടു ..
പിറന്നു വീണ സമയം
ഗണിച്ചു "നിന്റെ -
പരിഭാഷകന്‍" ,
അത് കടലാസില്‍
പകര്‍ത്തി തന്നു ..
എന്റെ കര്‍മ്മങ്ങളെല്ലാം
മുന്‍പേ വിധിച്ച
സര്‍വജ്ഞ്ജനാം നിന്റെ
നൈതിക ബോധം
നശിച്ചു പോയോ ?

അല്ലെങ്കിലെന്തിനിപ്പോള്‍
എന്നെ പഴിക്കുന്നു ?
പാപവും പുണ്യവും
മുന്‍പേ രചിച്ച നീ,
ആടിതിമിര്‍ത്ത വെറും
കളിപ്പാവയാമെന്നെ
ശിക്ഷിപ്പിതേതു -
നൈതിക ശാസ്ത്രത്താല്‍..?
ഇവ്വിധം നീച്ചമാം
കിരാത വ്യവസ്ഥയോ ,
ദൈവികമെന്ന് നാം
വാഴ്ത്തുന്നതൊക്കെയും .!!
സ്വേച്ചനാം നീയിനി
ഞെളിയേണ്ട ഒരിക്കലും ,
വാഴ്ത്തുകയില്ല ഞാന്‍
പ്രാര്‍ത്ഥനയാലിനി,
കൈകൂലി പോലും
തരികയില്ലായിനി -
നേര്‍ച്ചകള്‍ തന്‍ രൂപത്തില്‍ പോലും ..

Friday, December 10, 2010

കാഞ്ഞിരം

എന്നിലെ , നീ തന്നെ നട്ട
കാഞ്ഞിരം വേരറ്റു വീഴാന്‍ ,
ഒരു തുണ്ട് കരിമ്പിനില മതി ..
എന്തിനോ പിന്നെയും അതിനു നീ -
വെള്ളവും വളവുമേകുന്നു..
മറക്കണ്ട, ഒരുനാള്‍ അസ്ഥിയില്‍ -
ആഴ്ന്നിറങ്ങുമത്
നീല ഞരമ്പുകള്‍ പോല്‍ ..

Thursday, October 7, 2010

..ആമിയ്ക്ക്

പ്രണയിച്ചു പൂക്കളെ , മരങ്ങളെ, ചെടികളെ..
പ്രണയിച്ചു നിറങ്ങളെ , പക്ഷിയെ എന്നുവേണ്ട-
പ്രണയിച്ചു പക്ഷി തൂവലുകളെ പോലും .
പ്രണയിച്ചു പ്രണയത്തെ പ്രണയത്തിന്‍ കാമുകി
പ്രണച്ചഗാധമായ് മരണത്തെ പോലും .
പ്രണക്കപെടുകയില്ലോരിക്കലും എന്നറിഞ്ഞിട്ടും,
കലഹിച്ചു, പ്രണയത്തിനായ്‌
വിരഹതിന്നോടുവിലും-
വേഷം മാറിയും കലഹിച്ചുനോക്കി .
ഒടുവിലാ പ്രണയം തിരിച്ചറിഞ്ഞു
പ്രണയിക്കപെട്ടവള്‍ അഗാധമായ്-
പ്രണയിച്ച കാമുകനാല്‍ .
പ്രണയത്തിന്‍ ലോകത്ത്
കൈകള്‍ കോര്‍ത്തവര്‍ നടന്നകന്നു.
ഇന്നുമീ ഭൂമിയില്‍ ശേഷിപ്പിതോന്നു -
നീ വെടിഞ്ഞുപോയ നിന്റെ
പ്രണയം മാത്രം ...
ഋതുക്കള്‍ അത് മഴത്തുള്ളികളില്‍ ചാലിച്ചു,
പക്ഷി തൂവലുകളെ അത് നനച്ചു ,
ആ മഴത്തുള്ളികള്‍ തലയില്‍ ചൂടി ,
ഒരിക്കലും മരിക്കാത്ത
നിന്റെ ഓര്‍മകളുമായ് -
നീര്‍മാതളങ്ങള്‍ പൂത്തു തളിര്‍ത്തു നിന്നു...
----ലാല്‍